---
title: "'എന്റെ മരണം ഒരു തുടർച്ചയാകട്ടെ, മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യും'; സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി"
english_title: "Nisha Jose K Mani Registers For Organ Donation, Pledges 14 Organs After Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378298/ nisha-jose-k-mani-organ-donation-14-organs-notto"
published_at: "2026-08-13T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7496ab36a_nisha-jose-k-mani-organ-donation-14-organs-notto.jpg"
keywords: ["Nisha Jose K Mani", "Organ Donation", "NOTTO"]
---

# 'എന്റെ മരണം ഒരു തുടർച്ചയാകട്ടെ, മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യും'; സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി

> **Lead Summary:** കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിലാണ് (നോട്ടോ) ഇതിനായി അവർ രജിസ്റ്റർ ചെയ്തത്.

## Article Content

കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിലാണ് (നോട്ടോ) ഇതിനായി അവർ രജിസ്റ്റർ ചെയ്തത്.

നിഷ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'തന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കിൽ അങ്ങനെ തന്നെയാകട്ടെ' എന്ന വരികളോടെയാണ് നിഷ കുറിപ്പ് തുടങ്ങുന്നത്. 'എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നും അവർ കുറിച്ചു. 'വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക.

മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ' എന്നാണ് അവയവദാനത്തെക്കുറിച്ച് നിഷ വിവരിക്കുന്നത്.

'ഞാൻ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ' എന്ന് നിഷ കുറിപ്പിൽ പറഞ്ഞു. 'എന്റെ മകൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം… പക്ഷേ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല.

14 അവയവങ്ങൾ…14 ജീവിതസാധ്യതകൾ…ഒരു ജീവിതത്തിന്റെ അവസാന സമ്മാനം' എന്ന വരികളോടെയാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്. അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും കൂടുതൽ പേരെ ഇതിനായി പ്രചോദിപ്പിക്കുന്നതിനും നിഷയുടെ തീരുമാനം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

**English Summary:**

> Nisha Jose K Mani has registered with NOTTO to donate 14 organs after her death. In a Facebook post, she said she does not want her death to be just a farewell but a continuation. She expressed hope that her heart, eyes, kidneys, liver, lungs and tissues could give life to others. "14 organs...14 life chances...the final gift of a life," she wrote, adding that while her daughter may lose her body, her love will never be lost.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378298/ nisha-jose-k-mani-organ-donation-14-organs-notto)